1 രാജാക്കന്മാർ 7:40-51

1 രാജാക്കന്മാർ 7:40-51 MALOVBSI

പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലയ്ക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തുപീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവതന്നെ. യഹോവയുടെ ആലയംവക ശലോമോൻരാജാവിനു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു. ശലോമോൻ യഹോവയുടെ ആലയത്തിനുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, അന്തർമന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവതന്നെ. അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.