1 രാജാക്കന്മാർ 16:8-20

1 രാജാക്കന്മാർ 16:8-20 MALOVBSI

യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സായിൽ രണ്ടു സംവത്സരം വാണു. എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സായിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ സിമ്രി അകത്തുകടന്നു യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവനാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല. അങ്ങനെ ബയെശയും അവന്റെ മകൻ ഏലായും തങ്ങളുടെ മിഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു. ഏലായുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ സിമ്രി തിർസ്സായിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്നുതന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവാക്കി വാഴിച്ചു. ഉടനെ ഒമ്രി എല്ലാ യിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സായെ നിരോധിച്ചു. പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീ വച്ച് അതിൽ മരിച്ചുകളഞ്ഞു. അവൻ യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ചു, ഇങ്ങനെ താൻ ചെയ്ത പാപങ്ങൾ നിമിത്തം തന്നെ. സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.