1 രാജാക്കന്മാർ 11:1-8

1 രാജാക്കന്മാർ 11:1-8 MALOVBSI

ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. നിങ്ങൾക്ക് അവരോടു കൂടിക്കലർച്ച അരുത്; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു. തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. അന്ന് ശലോമോൻ യെരൂശലേമിന് എതിരേയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു. തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകല ഭാര്യമാർക്കുംവേണ്ടി അവൻ അങ്ങനെ ചെയ്തു.