1 യോഹന്നാൻ 3:1-15

1 യോഹന്നാൻ 3:1-15 MALOVBSI

കാൺമിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെതന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു. പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു; പാപം അധർമം തന്നെ. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുത്; അവൻ നീതിമാൻ ആയിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത് അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്‍വാൻ കഴികയുമില്ല. ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. നിങ്ങൾ ആദിമുതൽ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരൻറേതു നീതിയുമുള്ളതാകകൊണ്ടത്രേ. സഹോദരന്മാരേ, ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.