പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനംതന്നെ. പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചയ്ക്ക് അവനിൽ കാരണമില്ല. സഹോദരനെ പകയ്ക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്ന് അവൻ അറിയുന്നില്ല. കുഞ്ഞുങ്ങളേ, നിങ്ങൾക്ക് അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്. നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നെ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യംതന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ. ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനിൽ വസിപ്പിൻ. അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
1 യോഹന്നാൻ 2 വായിക്കുക
കേൾക്കുക 1 യോഹന്നാൻ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 യോഹന്നാൻ 2:7-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ