1 കൊരിന്ത്യർ 7:17-35

1 കൊരിന്ത്യർ 7:17-35 MALOVBSI

എന്നാൽ ഓരോരുത്തനു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്. ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുത്തൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽതന്നെ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ച് എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാൻ തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെതന്നെ ഇരിക്കുന്നത് അവനു നന്ന് എന്ന് എനിക്കു തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുത് എന്ന് എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു. വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകയ്ക്കും തമ്മിൽ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.