1 കൊരിന്ത്യർ 2:1-8

1 കൊരിന്ത്യർ 2:1-8 MALOVBSI

ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന് എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുൻനിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അത് ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.