1 കൊരിന്ത്യർ 16:13-24

1 കൊരിന്ത്യർ 16:13-24 MALOVBSI

ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ. സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അധ്വാനിക്കയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ. ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു. സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ. പൗലൊസായ എന്റെ കൈയാൽ വന്ദനം. കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.