1 കൊരിന്ത്യർ 15:42-54

1 കൊരിന്ത്യർ 15:42-54 MALOVBSI

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗീയനെപ്പോലെ സ്വർഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.