1 കൊരിന്ത്യർ 10:14-22

1 കൊരിന്ത്യർ 10:14-22 MALOVBSI

അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ? ഞാൻ പറയുന്നത് എന്ത്? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിനു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?