1 ദിനവൃത്താന്തം 29:5-13

1 ദിനവൃത്താന്തം 29:5-13 MALOVBSI

എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്‍വാൻ മനഃപൂർവം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവമായി കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്ത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു.