RUTHI 3:1-6
RUTHI 3:1-6 MALCLBSI
പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്റെ ഭാവിയുടെ ഭദ്രതയ്‍ക്കുവേണ്ടി ഞാൻ നിനക്ക് ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ.” നവോമി തുടർന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്. നീ കുളിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി നല്ല വസ്ത്രങ്ങൾ അണിഞ്ഞു കളത്തിൽ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്. അദ്ദേഹം ഉറങ്ങാൻ കിടക്കുന്ന സ്ഥലം നീ നോക്കിവയ്‍ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്റെ കാലിൽനിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.” അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവൾ കളത്തിൽ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്റെ അരികിൽ ചെന്നുകിടന്നു.

