ROM 9:9-21
ROM 9:9-21 MALCLBSI
‘ഞാൻ യഥാവസരം തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദാനം. അതുമാത്രമല്ല, നമ്മുടെ പൂർവികനായ ഇസ്ഹാക്കിൽനിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്. എന്നാൽ അവർ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുൾചെയ്തു; പുത്രന്റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുൾചെയ്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാൻ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു. അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്റെ ശക്തി പ്രദർശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീർത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാൻ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തിൽ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിർക്കുവാൻ ആർക്കു കഴിയും?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. എന്റെ സ്നേഹിതാ, ദൈവത്തോടു എതിർവാദം ചെയ്യുവാൻ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിർമിച്ചതെന്തിന്?” എന്ന് ഒരു മൺകലം അതിന്റെ നിർമിതാവിനോടു ചോദിക്കുമോ? തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തിൽ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തിൽനിന്നു നിർമിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ.

