ROM 3:9-30

ROM 3:9-30 MALCLBSI

ആകട്ടെ, യെഹൂദന്മാരായ ഞങ്ങൾക്ക് വിജാതീയരെക്കാൾ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ. വേദലിഖിതങ്ങളിൽ പറയുന്നത് എന്താണെന്നു നോക്കുക: നീതിമാൻ ആരുമില്ല. വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലുമില്ല. അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങളുടെ കീഴിൽ മറഞ്ഞിരിക്കുന്നു. അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ് രക്തം ചൊരിയുന്നതിനായി അവർ വെമ്പൽകൊള്ളുന്നു; അവർ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വീക്ഷണത്തിൽ ദൈവഭയമില്ല. യെഹൂദധർമശാസ്ത്രത്തിൻ കീഴിൽ ഉള്ളവർക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു. ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയിൽ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധർമശാസ്ത്രം ചെയ്യുന്നത്. ധർമശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധർമശാസ്ത്രം മുഖേനയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികൾക്കും ലഭിച്ചിരിക്കുന്നു. ഇതിൽ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല. എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ദൈവം തന്റെ സൗജന്യ കൃപാവരത്താൽ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവർഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവർത്തനത്തിൽകൂടിയാണ് അതു നിർവഹിക്കുന്നത്. മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാർഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവൻ യാഗമായി അർപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങൾ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങൾ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂർവം അവ ഇല്ലായ്മ ചെയ്ത പൂർവകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവിൽ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു. അങ്ങനെയെങ്കിൽ നമുക്ക് ആത്മപ്രശംസചെയ്യാൻ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധർമശാസ്ത്രം അനുശാസിക്കുന്ന മാർഗം വിട്ട് വിശ്വാസത്തിന്റെ മാർഗം നാം സ്വീകരിക്കുന്നു എന്നതാണ്. എന്തെന്നാൽ ദൈവത്തിന്റെ മുമ്പാകെ ഒരുവൻ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങൾ കരുതുന്നു. അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു.

ROM 3 വായിക്കുക

ROM 3:9-30 - നുള്ള വീഡിയോ