ROM 2:5-16
ROM 2:5-16 MALCLBSI
എന്നാൽ അനുതാപത്തിനു വഴങ്ങാൻ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂർവകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്. ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്. ഇടവിടാതെ സൽക്കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക്, ദൈവം അനശ്വരജീവൻ നല്‌കും; സത്യത്തെ ആദരിക്കാതെ, അധർമത്തെ പിന്തുടരുന്ന സ്വാർഥപ്രിയരുടെമേൽ കോപവും ഉഗ്രരോഷവും ചൊരിയും. ദുഷ്ടത പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും. എന്നാൽ നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും -കീർത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും. ദൈവത്തിനു പക്ഷപാതമില്ലല്ലോ. യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും. നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവൻ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയർ അത് അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായ പ്രേരണമൂലം ചെയ്യുമ്പോൾ അവർ തങ്ങൾക്കുതന്നെ ഒരു ധാർമികനിയമമായി പരിണമിക്കുന്നു. നിയമം അനുശാസിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികൾമൂലം അവർ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാൽ അവരുടെ വിചാരങ്ങളിൽ ചിലത് അവരുടെമേൽ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.

