ROM 12:9-21

ROM 12:9-21 MALCLBSI

സ്നേഹം തികച്ചും ആത്മാർഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേർന്നുകൊള്ളുക. നിങ്ങൾ ക്രിസ്തുവിൽ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതിൽ അത്യന്തം ഉത്സുകരായിരിക്കുക. അലസരായിരിക്കാതെ ഉത്സാഹപൂർവം അധ്വാനിക്കുക; ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കർത്താവിനെ സേവിക്കുക. നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോൾ ക്ഷമയോടുകൂടിയിരിക്കുക. പ്രാർഥനയിൽ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. ഉപജീവനത്തിൽ ബുദ്ധിമുട്ടുള്ള സഹോദരങ്ങൾക്കു നിങ്ങളുടെ വകകൾ പങ്കിടുക. അപരിചിതർക്ക് ആതിഥ്യം നല്‌കുക. നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേൽ അനുഗ്രഹം ചൊരിയണമേ എന്നു പ്രാർഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുക. സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം. അന്യോന്യം സ്വരച്ചേർച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലർത്തുക. നിങ്ങൾ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്. ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താൽ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാൻ ശ്രമിക്കുക. എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യുക. സ്നേഹിതരേ, നിങ്ങൾ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാൻ പകരം വീട്ടും’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. ‘നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ ആഹാരം നല്‌കുക; അവനു ദാഹിക്കുന്നുവെങ്കിൽ കുടിക്കുവാൻ കൊടുക്കുക; അങ്ങനെ ചെയ്താൽ നീ അവന്റെ തലയിൽ തീക്കനൽ കൂട്ടും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക.

ROM 12 വായിക്കുക

ROM 12:9-21 - നുള്ള വീഡിയോ