ROM 1:7-15
ROM 1:7-15 MALCLBSI
അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേർതിരിച്ചിട്ടുള്ളവരുമായ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ ആരെ സർവാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാൻ പറയുന്നതിനു സാക്ഷി. എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിങ്ങളെ ഓർക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാൽ എനിക്ക് ഇടവരുത്തട്ടെ. നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്താൽ എനിക്കും എന്റെ വിശ്വാസത്താൽ നിങ്ങൾക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം. സഹോദരരേ, നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാൽ അതു സാധിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇതര ജനതകളിൽനിന്ന് എന്നപോലെ നിങ്ങളിൽനിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാൻ ഇച്ഛിക്കുന്നു. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.

