THUPUAN 5:5-10

THUPUAN 5:5-10 MALCLBSI

അപ്പോൾ ആ ശ്രേഷ്ഠപുരുഷന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ, ഇതാ യൂദാകുലത്തിന്റെ സിംഹം, ദാവീദിന്റെ പിൻഗാമിതന്നെ, ഗ്രന്ഥം തുറക്കുന്നതിലും സപ്തമുദ്രകൾ പൊട്ടിക്കുന്നതിലും വിജയം വരിച്ചിരിക്കുന്നു.” അപ്പോൾ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ഇടയ്‍ക്ക് ശ്രേഷ്ഠപുരുഷന്മാരുടെ മധ്യത്തിൽ ഒരു കുഞ്ഞാടു നില്‌ക്കുന്നതു ഞാൻ കണ്ടു. കൊല്ലപ്പെട്ടതായി തോന്നിയ ആ കുഞ്ഞാടിന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. ലോകമെങ്ങും അയയ്‍ക്കപ്പെട്ട ദൈവാത്മാക്കളായിരുന്നു ആ ഏഴു കണ്ണുകൾ. കുഞ്ഞാടു വന്ന് സിംഹാസനാരൂഢന്റെ വലത്തുകൈയിൽനിന്ന് പുസ്തകച്ചുരുൾ എടുത്തു. അപ്പോൾ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും കുഞ്ഞാടിന്റെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്തു. ആ സമയത്ത് ഭക്തജനങ്ങളുടെ പ്രാർഥനയാകുന്ന സുഗന്ധദ്രവ്യം നിറച്ച സ്വർണപ്പാത്രങ്ങളും വീണകളും ആ ശ്രേഷ്ഠപുരുഷന്മാരുടെ കൈയിലുണ്ടായിരുന്നു. ഈ പുതിയഗാനം അവർ പാടി. “ഗ്രന്ഥം സ്വീകരിക്കുന്നതിനും മുദ്ര പൊട്ടിക്കുന്നതിനും അങ്ങു യോഗ്യൻ. എന്തുകൊണ്ടെന്നാൽ അവിടുന്നു കൊല്ലപ്പെട്ടു. അവിടുത്തെ രക്തത്താൽ, സകല ഗോത്രങ്ങളിലും ഭാഷക്കാരിലും വംശക്കാരിലും ജാതികളിലും ഉള്ളവരെ അവിടുന്നു ദൈവത്തിനായി വിലയ്‍ക്കു വാങ്ങുകയും ചെയ്തു. അവരെ നമ്മുടെ ദൈവത്തിന്റെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തിരിക്കുന്നു. അവർ ഭൂമിയിൽ വാഴും.”

THUPUAN 5 വായിക്കുക