SAM 18:31-42

SAM 18:31-42 MALCLBSI

സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു. അവിടുന്ന് എന്റെ കാലുകൾക്ക് മാൻപേടയുടെ വേഗം നല്‌കി, അവിടുന്ന് എന്നെ ഉയർന്ന ഗിരികളിൽ സുരക്ഷിതനായി നിർത്തി. അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു, താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ പാത വിശാലമാക്കി; എന്റെ കാലുകൾ വഴുതിയില്ല. എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു; അവർ എന്റെ കാൽക്കീഴിൽ അമർന്നു. യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്റെ അര മുറുക്കി; വൈരികളുടെമേൽ എനിക്കു വിജയം നല്‌കി. എന്റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു, എന്നെ പകച്ചവരെ ഞാൻ നശിപ്പിച്ചു. അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർ സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല. കാറ്റിൽ പാറുന്ന ധൂളിപോലെ ഞാൻ അവരെ തകർത്തു; വഴിയിലെ ചെളിപോലെ ഞാൻ അവരെ കോരിക്കളഞ്ഞു.

SAM 18 വായിക്കുക