എനിക്കു ശക്തിയരുളുന്ന പരമനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. സർവേശ്വരനാണ് എന്റെ അഭയശിലയും രക്ഷാദുർഗവും. എന്റെ വിമോചകനും അവിടുന്നുതന്നെ. എന്റെ ദൈവവും ഞാൻ അഭയം പ്രാപിക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയും എന്റെ അഭയസങ്കേതവും അവിടുന്നാണ്. സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണപാശങ്ങൾ എന്നെ ചുറ്റി, നിത്യവിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളപാശങ്ങൾ എന്നെ വരിഞ്ഞുമുറുക്കി. മരണത്തിന്റെ കെണികൾ എന്നെ പിടികൂടി. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി. അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു, വായിൽനിന്നു സംഹാരാഗ്നി വമിച്ചു. ജ്വലിക്കുന്ന തീക്കനൽ ചിതറി. അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു. കരിമേഘങ്ങൾ അവിടുത്തെ കാൽക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു. കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി. ജലംപൂണ്ട കറുത്ത മേഘങ്ങൾ മേൽവിരിപ്പുമാക്കി. തിരുമുമ്പിലെ മിന്നൽപ്പിണരുകളിൽനിന്നു മേഘപാളികൾ ഭേദിച്ച് കന്മഴയും തീക്കനലും വർഷിച്ചു. സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി. അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു; കന്മഴയും തീക്കനലും തന്നെ. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തി. സർവേശ്വരാ, അവിടുത്തെ ഭർത്സനത്താൽ, അവിടുത്തെ ക്രോധനിശ്വാസത്താൽ, ആഴിയുടെ അടിത്തട്ടു ദൃശ്യമായി, ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി. അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു. പ്രബലരായ ശത്രുക്കളിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവർ എന്നെക്കാൾ ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു. എന്നാൽ സർവേശ്വരൻ എന്നെ താങ്ങി. ആപത്തിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു, എന്നിൽ പ്രസാദിച്ചതിനാൽ, അവിടുന്ന് എന്നെ വിടുവിച്ചു. എന്റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. എന്റെ കൈകളുടെ നൈർമ്മല്യത്തിനൊത്തവിധം, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു, ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല. അവിടുത്തെ കല്പനകൾ അനുസരിച്ചു ഞാൻ നടന്നു. അവിടുത്തെ ചട്ടങ്ങൾ ഞാൻ ലംഘിച്ചില്ല. അവിടുത്തെ മുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു, തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു. എന്റെ കൈകളുടെ നിഷ്കളങ്കത കണ്ട്, എന്റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം, അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി.
SAM 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 18:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ