സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്. നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകൾ നല്‌കിയിരിക്കുന്നു. എന്റെ ശത്രുക്കൾ അവിടുത്തെ വചനം അവഗണിക്കുന്നതിനാൽ, അവരോടുള്ള കോപം എന്നിൽ ജ്വലിക്കുന്നു. അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസൻ അതിനെ സ്നേഹിക്കുന്നു. ഞാൻ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകൾ ഞാൻ വിസ്മരിക്കുന്നില്ല. അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധർമശാസ്ത്രം സത്യവുമാകുന്നു. കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടുത്തെ കല്പനകൾ എന്നും നീതിനിഷ്ഠമാകുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ. ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സർവേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ പാലിക്കും. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കും. ഞാൻ അതിരാവിലെ ഉണർന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാൻ അവിടുത്തെ വാഗ്ദാനങ്ങളിൽ പ്രത്യാശ വയ്‍ക്കുന്നു. അങ്ങയുടെ വചനം ധ്യാനിക്കാൻ രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ യാചന കേൾക്കണമേ. സർവേശ്വരാ, അവിടുത്തെ നീതിയാൽ എന്റെ ജീവനെ സംരക്ഷിക്കണമേ. ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവർ എന്നെ സമീപിക്കുന്നു. അവർ അവിടുത്തെ ധർമശാസ്ത്രത്തെ പൂർണമായി അവഗണിച്ചിരിക്കുന്നു. എന്നാൽ സർവേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ. അവിടുത്തെ കല്പനകൾ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. നാഥാ, എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ. അങ്ങയുടെ ധർമശാസ്ത്രം ഞാൻ അവഗണിക്കുന്നില്ലല്ലോ. എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും, അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. ദുഷ്ടരെ ദൈവം രക്ഷിക്കയില്ല. അവിടുത്തെ ചട്ടങ്ങൾ അവർ അനുസരിക്കുന്നില്ലല്ലോ. സർവേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവൻ നല്‌കണമേ. എന്നെ പീഡിപ്പിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു. എങ്കിലും അങ്ങയുടെ കല്പനകളിൽനിന്നു ഞാൻ വ്യതിചലിക്കുന്നില്ല. അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്. അവർ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നില്ലല്ലോ. സർവേശ്വരാ, അവിടുത്തെ കല്പനകൾ എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ജീവൻ കാത്തുകൊള്ളണമേ. അങ്ങയുടെ വചനത്തിന്റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകൾ നീതിയുക്തവും ശാശ്വതവുമാണ്.
SAM 119 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 119:137-160
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ