ചിലർ വ്യാപാരം ചെയ്യാൻ കപ്പലുകളിൽ സമുദ്രയാത്ര ചെയ്തു. അവർ സർവേശ്വരന്റെ പ്രവൃത്തികൾ കണ്ടു. സമുദ്രത്തിൽ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ തന്നെ. അവിടുന്നു കല്പിച്ചപ്പോൾ കൊടുങ്കാറ്റടിച്ചു. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു. തിരമാലകൾ കപ്പലുകളെ ആകാശത്തോളം ഉയർത്തുകയും ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു. ഈ കഷ്ടസ്ഥിതിയിൽ അവരുടെ ധൈര്യം ഉരുകിപ്പോയി. ഉന്മത്തരെപ്പോലെ അവർ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവർക്ക് അറിഞ്ഞു കൂടായിരുന്നു. അപ്പോൾ, അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. യാതനകളിൽനിന്ന് അവിടുന്നു അവരെ വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകൾ അടങ്ങി. കാറ്റും കോളും അടങ്ങിയതുകൊണ്ട് അവർ സന്തോഷിച്ചു. അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. ജനങ്ങൾ ഒത്തുകൂടുന്നിടത്ത് അവർ സർവേശ്വരനെ വാഴ്ത്തട്ടെ; നേതാക്കളുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കട്ടെ. അവിടുന്നു നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവുമാക്കുന്നു. അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ. അവിടുന്നു മരുഭൂമിയെ ജലാശയമാക്കി, വരണ്ടഭൂമിയെ നീരുറവുകളുള്ള പ്രദേശമാക്കി മാറ്റുന്നു. വിശന്നു വലഞ്ഞവരെ അവിടുന്ന് അവിടെ പാർപ്പിച്ചു. തങ്ങൾക്കു വസിക്കാൻ അവർ അവിടെ ഒരു നഗരം നിർമ്മിച്ചു. അവർ വയലുകളിൽ ധാന്യം വിതച്ചു. മുന്തിരിത്തോട്ടങ്ങൾ നട്ടു പിടിപ്പിച്ചു. സമൃദ്ധമായ വിളവെടുക്കുകയും ചെയ്തു. അവിടുന്ന് അവരെ അനുഗ്രഹിച്ചു. അവരുടെ സംഖ്യ വർധിച്ചു. അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ അവിടുന്ന് ഇടയാക്കിയില്ല. പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു, അവർ എണ്ണത്തിൽ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോൾ, അവരെ മർദിച്ചവരുടെമേൽ അവിടുന്നു നിന്ദ ചൊരിഞ്ഞു. വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലഞ്ഞുതിരിയാൻ ഇടയാക്കി. എന്നാൽ, അവിടുന്നു ദരിദ്രനെ കഷ്ടതയിൽ നിന്നു വിടുവിച്ചു. ആട്ടിൻപറ്റത്തെപ്പോലെ അവരുടെ കുടുംബങ്ങളെ വർധിപ്പിച്ചു. നിഷ്കളങ്കർ അതു കണ്ടു സന്തോഷിക്കും, ദുഷ്ടർ മൗനമായിരിക്കും. വിവേകശാലികൾ ഇവ ശ്രദ്ധിക്കട്ടെ. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തെ അവർ ധ്യാനിക്കട്ടെ.
SAM 107 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 107:23-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ