മരുഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ, അവർ മോശയോടും സർവേശ്വരന്റെ വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി. അപ്പോൾ ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെ മൂടിക്കളഞ്ഞു. ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു. അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. വാർത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു. ഇങ്ങനെ അവർ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ വിഗ്രഹത്തിനു നല്‌കി. അവർ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു. ഈജിപ്തിൽ വൻകാര്യങ്ങൾ പ്രവർത്തിച്ച ദൈവത്തെതന്നെ. ഹാമിന്റെ ദേശത്ത്, അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങളും, ചെങ്കടലിൽവച്ചു പ്രവർത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവർ വിസ്മരിച്ചു. അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പിൽ നിന്നില്ലായിരുന്നെങ്കിൽ, അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു. അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല. അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു. അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു, മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു. ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു. അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകർച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു. മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി. അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ, അദ്ദേഹം അവിവേകമായി സംസാരിച്ചു.
SAM 106 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 106:16-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ