SAM 106:1-23

SAM 106:1-23 MALCLBSI

സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ! അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സർവേശ്വരന്റെ വീരകൃത്യങ്ങൾ വർണിക്കാൻ ആർക്കു കഴിയും. അവിടുത്തെ മഹത്ത്വത്തെ പ്രകീർത്തിക്കാൻ ആർക്കു സാധിക്കും? ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. സർവേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോൾ എന്നെയും ഓർക്കണമേ. അവരെ വിടുവിക്കുമ്പോൾ എന്നെയും കടാക്ഷിക്കണമേ. അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാൻ കാണട്ടെ. അവിടുത്തെ ജനതയുടെ സന്തോഷത്തിൽ ഞാൻ ആനന്ദിക്കട്ടെ. അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു; ഞങ്ങൾ അധർമവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽവച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്റെ നിറവിനെ ഓർത്തതുമില്ല. അവർ ചെങ്കടൽ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു. എങ്കിലും അവിടുന്ന് അവരെ തന്റെ നാമത്തെപ്രതി രക്ഷിച്ചു. അവിടുത്തെ മഹാശക്തി വെളിപ്പെടുത്താൻ വേണ്ടിത്തന്നെ. അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി, മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു. ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. വൈരികളുടെ പിടിയിൽനിന്ന് അവരെ വിടുവിച്ചു. അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു. അവരിൽ ആരും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വാക്കുകൾ വിശ്വസിച്ചു; അവർ സ്തുതിഗീതം പാടി. എന്നാൽ, അവർ പെട്ടെന്ന് അവിടുത്തെ പ്രവൃത്തികൾ വിസ്മരിച്ചു. അവിടുത്തെ ഉപദേശത്തിനായി കാത്തിരുന്നില്ല. മരുഭൂമിയിൽവച്ച് അവർക്കു ഭക്ഷണത്തോട് ആർത്തിയുണ്ടായി. അവർ ദൈവത്തെ പരീക്ഷിച്ചു. അവർ ചോദിച്ചത് അവിടുന്ന് അവർക്കു നല്‌കി. എന്നാൽ അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു മഹാരോഗം അയച്ചു. മരുഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ, അവർ മോശയോടും സർവേശ്വരന്റെ വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി. അപ്പോൾ ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെ മൂടിക്കളഞ്ഞു. ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു. അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. വാർത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു. ഇങ്ങനെ അവർ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ വിഗ്രഹത്തിനു നല്‌കി. അവർ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു. ഈജിപ്തിൽ വൻകാര്യങ്ങൾ പ്രവർത്തിച്ച ദൈവത്തെതന്നെ. ഹാമിന്റെ ദേശത്ത്, അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങളും, ചെങ്കടലിൽവച്ചു പ്രവർത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവർ വിസ്മരിച്ചു. അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പിൽ നിന്നില്ലായിരുന്നെങ്കിൽ, അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു.

SAM 106 വായിക്കുക