THUFINGTE 28:15-28
THUFINGTE 28:15-28 MALCLBSI
ഗർജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടൻ പാവപ്പെട്ടവരുടെമേൽ ഭരണം നടത്തുന്നത്. വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും. കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്. നേർവഴിയിൽ ചരിക്കുന്നവൻ രക്ഷിക്കപ്പെടും, വക്രമാർഗം സ്വീകരിക്കുന്നവൻ കുഴിയിൽ വീഴും. അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാൽ സമയം പാഴാക്കുന്നവൻ ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തനായ മനുഷ്യൻ അനുഗ്രഹസമ്പന്നനാകും; എന്നാൽ ധനവാനാകാൻ തിടുക്കം കൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല. പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യൻ തെറ്റു ചെയ്യുന്നു. ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ ഓടുന്നു; എന്നാൽ തനിക്കു ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നില്ല. മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും. മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവൻ വിനാശകന്റെ കൂട്ടുകാരൻ ആകുന്നു. അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും. സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ; വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും. ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവർഷം ഏല്‌ക്കേണ്ടിവരും. ദുഷ്ടർക്ക് ഉയർച്ച വരുമ്പോൾ ആളുകൾ ഓടി ഒളിക്കുന്നു. അവർ നശിക്കുമ്പോൾ നീതിമാന്മാർ പ്രബലരാകുന്നു.

