FILIPI 4:6-17

FILIPI 4:6-17 MALCLBSI

ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാർഥനയിലൂടെയും വിനീതമായ അഭ്യർഥനയിലൂടെയും ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. എന്നിൽനിന്നു നിങ്ങൾ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നിൽ നിങ്ങൾ കണ്ടതുമായ കാര്യങ്ങൾ ചെയ്യുക; അപ്പോൾ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും. എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും. എന്നിരുന്നാലും എന്റെ പ്രയാസത്തിൽ പങ്കുചേർന്ന് നിങ്ങൾ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളിൽ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്.

FILIPI 4 വായിക്കുക

FILIPI 4:6-17 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും