FILIPI 4:1-13

FILIPI 4:1-13 MALCLBSI

അതുകൊണ്ട്, എന്റെ സഹോദരരേ, നിങ്ങൾ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാൻ ഞാൻ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്റെ സന്തോഷവും എന്റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങൾ കർത്താവിൽ ഉറച്ചുനില്‌ക്കുക. കർത്താവിൽ ഏകമനസ്സുള്ളവരായി വർത്തിക്കണമെന്ന് ഞാൻ യുവൊദ്യയോടും സുന്തുക്കയോടും അഭ്യർഥിക്കുന്നു. എന്റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട ക്ലെമൻറിനോടും മറ്റു സഹപ്രവർത്തകരോടുംകൂടി, സുവിശേഷഘോഷണത്തിൽ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവർ. നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക. നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കർത്താവു വേഗം വരുന്നു. ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാർഥനയിലൂടെയും വിനീതമായ അഭ്യർഥനയിലൂടെയും ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. എന്നിൽനിന്നു നിങ്ങൾ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നിൽ നിങ്ങൾ കണ്ടതുമായ കാര്യങ്ങൾ ചെയ്യുക; അപ്പോൾ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും. എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും.

FILIPI 4 വായിക്കുക