ഒന്നാം മാസം ഇസ്രായേൽജനസമൂഹം മുഴുവനും സീൻമരുഭൂമിയിലെത്തി; അവർ കാദേശിൽ പാർത്തു; അവിടെവച്ചു മിര്യാം മരിച്ചു. അവളെ അവിടെ സംസ്കരിച്ചു. ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി. ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരർ സർവേശ്വരന്റെ മുമ്പിൽ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കിൽ! നിങ്ങൾ എന്തിന് ഈ മരുഭൂമിയിലേക്കു സർവേശ്വരന്റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ? ഈജിപ്തിൽനിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂർണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവും ഇല്ല.” മോശയും അഹരോനും ജനസമൂഹത്തിന്റെ മുമ്പിൽനിന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് അവിടെ കവിണ്ണുവീണു. സർവേശ്വരന്റെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ നിന്റെ വടിയെടുക്കുക, നീയും നിന്റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേൽസമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവർ കാൺകെ പാറയോടു ജലം തരാൻ കല്പിക്കുക. അപ്പോൾ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങൾ പാറയിൽനിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കുക.” സർവേശ്വരൻ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയിൽനിന്നു മോശ വടിയെടുത്തു. മോശയും അഹരോനും സർവജനത്തെയും പാറയുടെ മുമ്പിൽ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയിൽനിന്നു നിങ്ങൾക്കുവേണ്ടി ഞങ്ങൾ ജലം പുറപ്പെടുവിക്കണമോ?” മോശ കൈ ഉയർത്തി വടികൊണ്ടു പാറമേൽ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതിൽനിന്നു കുടിച്ചു. പിന്നീടു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്റെ വിശുദ്ധി വെളിവാക്കാൻ തക്കവിധം നിങ്ങൾ എന്നിൽ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവർക്കു ഞാൻ നല്കിയിരിക്കുന്ന ദേശത്തേക്കു നിങ്ങൾ ഇവരെ കൊണ്ടുപോകുകയില്ല.” ഇതാണ് മെരീബാ ജലപ്രവാഹം. ഇവിടെവച്ചാണ് ഇസ്രായേൽജനം സർവേശ്വരനെതിരായി കലഹിക്കുകയും, തന്റെ വിശുദ്ധി അവിടുന്ന് അവർക്കു വെളിപ്പെടുത്തുകയും ചെയ്തത്.
NUMBERS 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 20:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ