NEHEMIA 4:11-18

NEHEMIA 4:11-18 MALCLBSI

“നാം അവരുടെ ഇടയിൽ കടന്ന് അവരെ കൊന്ന് മതിലിന്റെ പണി മുടക്കുന്നതുവരെ അവർ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കൾ പറഞ്ഞു. സമീപവാസികളായ യെഹൂദന്മാർ പല തവണ ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവർ നമ്മെ എതിരിടും.” അതുകൊണ്ടു മതിലിന്റെ പണി പൂർത്തിയാകാത്ത ഇടങ്ങളിൽ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തിൽ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി. ഞാൻ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങൾ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സർവേശ്വരനെ ഓർത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കുംവേണ്ടി പോരാടുക.” തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവിൽ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ മനസ്സിലാക്കി. ഞങ്ങൾ ആകട്ടെ മതിലിന്റെ പണി തുടർന്നു. അന്നുമുതൽ എന്റെ ആളുകളിൽ പകുതിപേർ പണിയിലേർപ്പെട്ടു; പകുതി ആളുകൾ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവൽനിന്നു. പണിയിൽ ഏർപ്പെട്ടിരുന്നവരെ നേതാക്കന്മാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയിൽ ആയുധം വഹിക്കുകയും ചെയ്തു. മതിലുപണിക്കാർപോലും അരയിൽ വാൾ തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവൻ എന്റെ അടുക്കൽ നിന്നിരുന്നു.

NEHEMIA 4 വായിക്കുക