NEHEMIA 2:11-17

NEHEMIA 2:11-17 MALCLBSI

ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു. യെരൂശലേമിനുവേണ്ടി ദൈവം എന്റെ മനസ്സിൽ തോന്നിപ്പിച്ചിരുന്ന കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്റെ ഏതാനും അനുയായികളും അടുത്ത രാത്രിയിൽ എഴുന്നേറ്റു പുറത്തു കടന്നു. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. രാത്രിയിൽ താഴ്‌വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്‌ക്കൽ എത്തി; ഞാൻ യെരൂശലേമിന്റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു. പിന്നീടു ഞാൻ ഉറവുവാതില്‌ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു. എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ ഇടമില്ലായിരുന്നു. രാത്രിയിൽ ഞാൻ താഴ്‌വരയിലൂടെ നടന്നു മതിൽ പരിശോധിച്ചു; പിന്നീടു താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു. ഞാൻ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാർ ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയിൽ ഏർപ്പെടേണ്ടിയിരുന്നവരെയോ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല. പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനർഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്റെ മതിൽ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.”

NEHEMIA 2 വായിക്കുക