NAHUMA 1:1-8

NAHUMA 1:1-8 MALCLBSI

എല്‌ക്കോശിലെ നഹൂമിന്റെ ദർശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്: സർവേശ്വരൻ തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സർവേശ്വരൻ പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമർഷംകൊള്ളുന്നു. സർവേശ്വരൻ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങൾ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്. അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാൻപുൽമേടുകളും കർമ്മേൽമലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങൾ വാടുന്നു. തിരുമുമ്പിൽ പർവതങ്ങൾ കിടിലംകൊള്ളുന്നു. കുന്നുകൾ ഉരുകുന്നു. തിരുസന്നിധിയിൽ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു. അവിടുത്തെ രോഷത്തിനു മുമ്പിൽ ആർക്കു നില്‌ക്കാൻ കഴിയും? അവിടുത്തെ കോപത്തിന്റെ ചൂട് ആർക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകർക്കുന്നു. സർവേശ്വരൻ നല്ലവനും കഷ്ടതയുടെ നാളിൽ രക്ഷാസങ്കേതവും ആകുന്നു. തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. എന്നാൽ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താൽ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു.

NAHUMA 1 വായിക്കുക