MARKA 10:13-34

MARKA 10:13-34 MALCLBSI

ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ അവരെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാർ അവരെ ശകാരിച്ചു. അതു കണ്ടപ്പോൾ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്റെ അടുക്കൽ വരുവാൻ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാൽ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു. അവിടെനിന്ന് യേശു യാത്ര തുടർന്നപ്പോൾ ഒരാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോട്, “എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധർമശാസനങ്ങൾ താങ്കൾക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. “ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാൻ പാലിക്കുന്നുണ്ട്” എന്ന് അയാൾ പറഞ്ഞു. യേശു സ്നേഹപൂർവം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കൾക്കു ഒരു കുറവുണ്ട്; പോയി താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ താങ്കൾക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” ഇതുകേട്ട് ദുഃഖിതനായിത്തീർന്ന അയാൾ, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാൽ അയാൾ വലിയ ധനികനായിരുന്നു. യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു. അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി. പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു. യേശു അരുൾചെയ്തു: “വാസ്തവം ഞാൻ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും. എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ പലരും മുമ്പന്മാരുമായിത്തീരും. അവർ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാർ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവർ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികിൽ വിളിച്ച് തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി: “ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രൻ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും. അവർ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്റെമേൽ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.”

MARKA 10 വായിക്കുക