MATHAIA 26:47-56

MATHAIA 26:47-56 MALCLBSI

ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് എത്തിച്ചേർന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്‌കിയിരുന്നു. യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു. യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്റെ കാത് അറ്റുപോയി. അപ്പോൾ യേശു ആ ശിഷ്യനോട്, “വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽത്തന്നെ നശിക്കും. എന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ? പക്ഷേ അങ്ങനെ ആയാൽ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?” അപ്പോൾ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങൾ എന്നെ പിടിക്കുവാൻ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.

MATHAIA 26 വായിക്കുക