MATHAIA 25:13-40

MATHAIA 25:13-40 MALCLBSI

“അതുകൊണ്ട് ആ നാളും നാഴികയും നിങ്ങൾക്ക് അജ്ഞാതമായിരിക്കുകയാൽ ജാഗരൂകരായിരിക്കുക. “സ്വർഗരാജ്യം ഇതുപോലെയാണ്. ഒരാൾ ഒരു ദീർഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോൾ ദാസന്മാരെ വിളിച്ച് തന്റെ സമ്പാദ്യം അവരെ ഏല്പിച്ചു. ഓരോരുത്തനും അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും കൊടുത്തു. പിന്നീട് അയാൾ യാത്രപുറപ്പെട്ടു. അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി. അതുപോലെതന്നെ രണ്ടു കിട്ടിയവൻ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാൾ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനൻ കൊടുത്ത പണം മറച്ചുവച്ചു. “ദീർഘകാലം കഴിഞ്ഞ് അവരുടെ യജമാനൻ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു. അഞ്ചു താലന്തു ലഭിച്ചവൻ അഞ്ചുകൂടി കൊണ്ടുവന്ന് തന്റെ യജമാനന്റെ മുമ്പിൽ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാൻ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’ യജമാനൻ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങൾ ഏല്പിക്കും. വരിക, നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാൻ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. യജമാനൻ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാൻ വലിയ കാര്യങ്ങൾ ഏല്പിക്കും. നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “പിന്നീട് ഒരു താലന്തു കിട്ടിയവൻ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയൻ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണിൽ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’ “യജമാനൻ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാൻ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ? നീ എന്റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കിൽ ഞാൻ മടങ്ങിവന്നപ്പോൾ എന്റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ. അതുകൊണ്ട് അവന്റെ പക്കൽനിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക. ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാൽ ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും. ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “മനുഷ്യപുത്രൻ എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തിൽ ഉപവിഷ്ഠനാകും. അപ്പോൾ സകല ജനതകളെയും മനുഷ്യപുത്രന്റെ മുമ്പിൽ സന്നിഹിതരാക്കും. ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതുപോലെ മനുഷ്യപുത്രൻ അവരെ വേർതിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. പിന്നീടു രാജാവ് വലത്തുള്ളവരോട് അരുൾചെയ്യും: ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക. എന്തുകൊണ്ടെന്നാൽ എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കുവാൻ തന്നു; ഞാൻ അന്യനും പരദേശിയും ആയിരുന്നു, നിങ്ങൾ എനിക്ക് അഭയംതന്നു; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിക്കു വസ്ത്രം തന്നു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ ശുശ്രൂഷിച്ചു; ഞാൻ കാരാഗൃഹത്തിലായിരുന്നു, നിങ്ങൾ എന്നെ വന്നു കണ്ടു.’ “അപ്പോൾ ധർമനിഷ്ഠരായി ജീവിച്ചവർ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങൾ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്? അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാൻ തന്നത്? അല്ലെങ്കിൽ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങൾ അഭയം നല്‌കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‌കുകയും ചെയ്തത്? എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോൾ ഞങ്ങൾ വന്ന് അങ്ങയെ സന്ദർശിച്ചത്? അപ്പോൾ രാജാവ് അവരോട് തീർച്ചയായും ഇങ്ങനെ പറയും: ‘എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’

MATHAIA 25 വായിക്കുക

MATHAIA 25:13-40 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും