MATHAIA 24:15-50

MATHAIA 24:15-50 MALCLBSI

“ദാനിയേൽപ്രവാചകൻ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോൾ അനുവാചകർ മനസ്സിലാക്കിക്കൊള്ളട്ടെ- അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകണം. മട്ടുപ്പാവിലിരിക്കുന്നവൻ തന്റെ സമ്പാദ്യങ്ങൾ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്. കൃഷിസ്ഥലത്തായിരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്. ആ ദിവസങ്ങളിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം! ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക. ലോകാരംഭംമുതൽ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും. എന്നാൽ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും. “അപ്പോൾ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാൽ അശേഷം വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവർ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നോക്കൂ! ഞാൻ ഇതു നിങ്ങളോടു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. ‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകൾ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തിൽ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്. ആകാശമണ്ഡലത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ മിന്നുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും. “ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടൻ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്‌കുകയുമില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും. ബഹിരാകാശശക്തികൾ അവയുടെ സഞ്ചാരപഥത്തിൽനിന്നു മാറ്റപ്പെടും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേൽ വരുന്നത് അവർ കാണും. വലിയ കാഹളനാദത്തോടുകൂടി തന്റെ ദൂതന്മാരെ അവിടുന്ന് അയയ്‍ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കുകളിൽനിന്നും കൂട്ടിച്ചേർക്കും. “ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്റെ ഇളംചില്ലകൾ പൊടിക്കുകയും അതു തളിർക്കുകയും ചെയ്യുമ്പോൾ വേനൽക്കാലം സമീപിച്ചു എന്നു നിങ്ങൾ മനസ്സിലാക്കുന്നു. അതുപോലെ ഇവയൊക്കെയും നിങ്ങൾ കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല; ആകാശവും ഭൂമിയും അന്തർധാനം ചെയ്യും; എന്നാൽ എന്റെ വാക്കുകൾ എന്നേക്കും നിലനില്‌ക്കും. “ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാർക്കും സ്വർഗത്തിലെ ദൂതന്മാർക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തിൽ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു. ജലപ്രളയം വന്ന് എല്ലാവരെയും നിർമാർജനം ചെയ്യുന്നതുവരെ അവർ ഒന്നും അറിഞ്ഞില്ല; ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും. അപ്പോൾ രണ്ടുപേർ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്‍ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും. “അതുകൊണ്ട് നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാൽ ജാഗരൂകരായിരിക്കുക. രാത്രിയിൽ കള്ളൻ വരുന്ന സമയം അറിഞ്ഞിരുന്നെങ്കിൽ വീടിന്റെ ഉടമസ്ഥൻ ഉണർന്നിരിക്കുകയും ഭവനഭേദനം നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക. “വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവർക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനൻ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? യജമാനൻ വരുമ്പോൾ അവൻ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കിൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ. യജമാനൻ ആ ദാസനെ തന്റെ സർവസ്വത്തിന്റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ ആ ദാസൻ ദുഷ്ടനാണെങ്കിൽ യജമാനൻ വരാൻ വൈകും എന്നു വിചാരിച്ച് അവൻ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും. ആ ദാസൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനൻ മടങ്ങിയെത്തും.

MATHAIA 24 വായിക്കുക