MATHAIA 21:23-32

MATHAIA 21:23-32 MALCLBSI

അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു. “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. ‘എനിക്കു മനസ്സില്ല’ എന്ന് അവൻ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. ഇളയപുത്രനോടും അയാൾ അങ്ങനെ പറഞ്ഞു. ‘ഞാൻ പോകാം’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇവരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രൻ” എന്ന് അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ധർമമാർഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല.

MATHAIA 21 വായിക്കുക