MATHAIA 20:29-34
MATHAIA 20:29-34 MALCLBSI
അവർ യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. കണ്ണുകാണുവാൻ പാടില്ലാത്ത രണ്ടുപേർ വഴിയരികിൽ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തിൽ: “കർത്താവേ, ദാവീദിന്റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങൾക്കു ഞാൻ എന്തുചെയ്തു തരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവർ മറുപടി പറഞ്ഞു. യേശു ആർദ്രചിത്തനായി അവരുടെ കണ്ണുകളിൽ തൊട്ടു. തൽക്ഷണം അവർ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.

