MATHAIA 20:20-28
MATHAIA 20:20-28 MALCLBSI
സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു. “നിങ്ങൾക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവർ പറഞ്ഞു: “അങ്ങു രാജാവാകുമ്പോൾ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ അവിടുത്തെ വലത്തും അപരൻ ഇടത്തും ഇരിക്കുവാൻ കല്പിച്ചരുളണമേ.” യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ; ഞാൻ കുടിക്കുവാൻ പോകുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കുവാൻ കഴിയുമോ?” “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവർ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു. ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി. യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നുവെന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ; എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല; നിങ്ങളിൽ ആരെങ്കിലും വലിയവനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ മറ്റുള്ളവരുടെ സേവകനാകണം; നിങ്ങളിൽ ഒന്നാമനാകുവാൻ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം. മനുഷ്യപുത്രൻ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുന്നതിനുമാണ്.”

