MATHAIA 18:1-11

MATHAIA 18:1-11 MALCLBSI

ആ സമയത്ത് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ സമീപിച്ചു. ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തിൽ നിറുത്തിയിട്ട് യേശു പറഞ്ഞു: “നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരുവൻ സ്വീകരിക്കുന്നുവോ അവൻ എന്നെ സ്വീകരിക്കുന്നു.” “ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. “ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രൻ വന്നത്.

MATHAIA 18 വായിക്കുക