MATHAIA 13:1-17

MATHAIA 13:1-17 MALCLBSI

അന്നുതന്നെ യേശു ആ വീട്ടിൽനിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു. വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയിൽ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു. ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങൾ അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ വിതയ്‍ക്കുവാൻ പുറപ്പെട്ടു. അയാൾ വിതയ്‍ക്കുമ്പോൾ ഏതാനും വിത്തുകൾ വഴിയിൽ വീണു. പക്ഷികൾ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു. മറ്റു ചിലത് അടിയിൽ പാറയുള്ള മണ്ണിലാണു വീണത്. മണ്ണിനു താഴ്ചയില്ലാഞ്ഞതിനാൽ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യൻ ഉദിച്ചപ്പോൾ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാൽ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു. മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. കിളിർത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു. ചെവിയുള്ളവൻ കേൾക്കട്ടെ.” പിന്നീടു ശിഷ്യന്മാർ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു. അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വർരാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ അറിയുന്നതിനുള്ള വരം നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; അവർക്കാകട്ടെ അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തു കളയും. അവർ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേൾക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാൻ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്. നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഗ്രഹിക്കുകയില്ല; നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല; എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവർ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കാതുകൾ അടയ്‍ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാൻ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു. “എന്നാൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേൾക്കുന്നു. വാസ്തവത്തിൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കാണുന്നതു കാണുവാനും നിങ്ങൾ കേൾക്കുന്നത് കേൾക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാൽ അവർ കാണുകയോ കേൾക്കുകയോ ചെയ്തില്ല.

MATHAIA 13 വായിക്കുക