LUKA 22:1-16

LUKA 22:1-16 MALCLBSI

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം സമീപിച്ചു. മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്തിൽ സാത്താൻ പ്രവേശിച്ചു. അയാൾ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി. അവർ സന്തോഷഭരിതരായി, അയാൾക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. യൂദാസ് അവർക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകൾ കൂടെയില്ലാത്ത അവസരത്തിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ അയാൾ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു. പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വന്നുചേർന്നു. “നിങ്ങൾ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു. “ഞങ്ങൾ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവർ ചോദിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഒരു കുടത്തിൽ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാൾ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാൾ പ്രവേശിക്കുന്ന വീട്ടിൽ ചെന്ന് ‘എന്റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം. വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാൾ കാണിച്ചുതരും; അവിടെ നിങ്ങൾ ഒരുക്കുക.” അവർ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി. സമയമായപ്പോൾ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. അവിടുന്ന് അവരോട് അരുൾചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തിൽ ഇതിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേൽ ഞാൻ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.”

LUKA 22 വായിക്കുക