LUKA 2:25-38

LUKA 2:25-38 MALCLBSI

ഇസ്രായേൽജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോൻ എന്നൊരാൾ യെരൂശലേമിൽ പാർത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. ആത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം ദേവാലയത്തിലെത്തി. ധർമശാസ്ത്രവിധിപ്രകാരമുള്ള കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ ശിമ്യോൻ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാൻ ഈ വിനീതദാസനെ അനുവദിച്ചാലും. സർവ മനുഷ്യവർഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.” ശിശുവിനെപ്പറ്റി ശിമ്യോൻ പറഞ്ഞ ഈ വാക്കുകൾ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി. ശിമ്യോൻ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേൽജനങ്ങളിൽ പലരുടെയും വീഴ്ചയ്‍ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിർത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ രഹസ്യവിചാരങ്ങൾ വെളിപ്പെടുമാറ് ഇവൻ ദൈവത്തിൽനിന്നുള്ള ഒരടയാളമാണ്. മൂർച്ചയേറിയ ഒരു വാൾ കണക്കേ തീവ്രമായ ദുഃഖം നിന്റെ ഹൃദയത്തെ പിളർക്കും.” അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേർഗോത്രത്തിലെ ഫനുവേലിന്റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്‍ത്രീയായിരുന്നു. ഏഴുവർഷം മാത്രമേ ഭർത്താവിനോടൊത്ത് അവർ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീർന്ന ഹന്നാ എൺപത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാർഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു. യേശുവിനെ ദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേൽജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

LUKA 2 വായിക്കുക

LUKA 2:25-38 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും