LEVITICUS 26:1-13

LEVITICUS 26:1-13 MALCLBSI

ആരാധനയ്‍ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ ശബത്തുകൾ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാൻ സർവേശ്വരനാകുന്നു. എന്റെ ചട്ടങ്ങൾ പാലിക്കുകയും കല്പനകൾ അനുസരിക്കുകയും ചെയ്താൽ യഥാകാലം ഞാൻ നിങ്ങൾക്കു മഴ തരികയും ഭൂമി വിളവു നല്‌കുകയും വൃക്ഷങ്ങൾ സമൃദ്ധമായ ഫലം തരികയും ചെയ്യും. നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‌ക്കും. നിങ്ങൾ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാർക്കും. നിങ്ങളുടെ ദേശത്തു ഞാൻ സമാധാനം സ്ഥാപിക്കും; നിങ്ങൾ നിർഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാൻ നാട്ടിൽനിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല. നിങ്ങളുടെ ശത്രുക്കളെ ഞാൻ പിന്തുടർന്നോടിക്കും. അവർ നിങ്ങളുടെ മുമ്പിൽ വാളിനിരയായി വീഴും. നിങ്ങളിൽ അഞ്ചു പേർ നൂറു പേരെയും, നൂറു പേർ പതിനായിരം പേരെയും പിന്തുടർന്നോടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനിരയായിത്തീരും. ഞാൻ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്റെ ഉടമ്പടി സ്ഥിരീകരിക്കും. നിങ്ങൾക്കു ഭക്ഷിക്കാൻ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാൻ പഴയതു നീക്കേണ്ടിവരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും; ഞാൻ നിങ്ങളെ ഉപേക്ഷിക്കയില്ല. ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ വ്യാപരിക്കും. ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. ഞാൻ നിങ്ങളുടെ നുകം തകർത്ത് തല ഉയർത്തി നടക്കുമാറാക്കി.

LEVITICUS 26 വായിക്കുക