JUDA 1:5-16

JUDA 1:5-16 MALCLBSI

നിങ്ങൾ ഇവയെല്ലാം ഒരിക്കൽ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോൾ നിങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ച സർവേശ്വരൻ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു. തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. സോദോമും ഗോമോറായും അവയെപ്പോലെ അസാന്മാർഗികതയിലും സ്വവർഗരതിയിലും മുഴുകിയ പരിസരനഗരങ്ങളും നിത്യാഗ്നിയുടെ ശിക്ഷയ്‍ക്കു വിധേയമായി. അങ്ങനെ അവ എല്ലാവർക്കും ദൃഷ്ടാന്തമായിത്തീർന്നിരിക്കുന്നു. അതുപോലെതന്നെ ഈ മനുഷ്യരും തങ്ങളുടെ സ്വപ്നങ്ങളിൽ മുഴുകി ശരീരത്തെ മലിനമാക്കുകയും, അധികാരത്തെ നിഷേധിക്കുകയും, ശ്രേഷ്ഠജനങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു. എന്നാൽ മാലാഖമാരിൽ മുഖ്യനായ മിഖായേൽ മോശയുടെ ശരീരത്തെപ്പറ്റി പിശാചിനോട് തർക്കിച്ചപ്പോൾ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു നിന്ദാവചനംപോലും ഉച്ചരിക്കുവാൻ തുനിഞ്ഞില്ല. പിന്നെയോ ‘കർത്താവു നിന്നെ ഭർത്സിക്കട്ടെ’ എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. എന്നാൽ ഈ മനുഷ്യർ തങ്ങൾ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ജന്മവാസനയാൽ മാത്രം അവർ അറിയുന്നു. അങ്ങനെയുള്ള അറിവിനാൽ അവർ നശിപ്പിക്കപ്പെടുന്നു. അവർക്ക് ഹാ കഷ്ടം! എന്തെന്നാൽ അവർ കയീന്റെ മാർഗത്തിൽ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയും ചെയ്യുന്നു. നിങ്ങളുടെ സ്നേഹവിരുന്നുകളിൽ അവർ കളങ്കം ചേർക്കുന്നു. അവർ ഒരുമിച്ചുകൂടി നിർഭയം കുടിച്ചുമറിഞ്ഞ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു. കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്ന ജലരഹിതമായ മേഘങ്ങളാണവർ; ഹേമന്തകാലത്ത് ഫലശൂന്യമായി നില്‌ക്കുന്ന വൃക്ഷങ്ങൾ, അവ ഇല കൊഴിഞ്ഞും വേരറ്റും അങ്ങനെ ഇരുവിധം നിർജീവങ്ങൾ! ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയർത്തുന്ന വൻകടൽത്തിരകൾ! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗർത്തത്തിൽ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങൾ! ആദാമിനുശേഷം ഏഴാം തലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ഭക്തിവിരുദ്ധമായി ചെയ്തിട്ടുള്ള സകല പ്രവൃത്തികൾ നിമിത്തവും ദൈവത്തിനെതിരെ പറഞ്ഞിട്ടുള്ള എല്ലാ പരുഷവാക്കുകൾ നിമിത്തവും അഭക്തരായ പാപികളെ കുറ്റവാളികളെന്നു വിധിക്കുവാൻ അസംഖ്യം വിശുദ്ധന്മാരോടുകൂടി അവിടുന്നു വന്നിരിക്കുന്നു.” അവർ പിറുപിറുക്കുന്നവരും, അസംതൃപ്തരും, അധമവികാരങ്ങളെ അനുസരിക്കുന്നവരും ആകുന്നു. അവർ ആത്മപ്രശംസ ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുന്നവരാണിക്കൂട്ടർ.

JUDA 1 വായിക്കുക