JOSUA 24:7-15

JOSUA 24:7-15 MALCLBSI

സഹായത്തിനായി അവർ എന്നെ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്റെ കല്പനയാൽ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാൻ പ്രവർത്തിച്ചതു നിങ്ങൾ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീർഘകാലം നിങ്ങൾ മരുഭൂമിയിൽ പാർത്തു. പിന്നീട് യോർദ്ദാൻനദിയുടെ കിഴക്കുവശത്തു പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവർ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാൽ അവരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; അവരുടെ ദേശം നിങ്ങൾ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പിൽവച്ചു ഞാൻ അവരെ നശിപ്പിച്ചു. പിന്നീട് മോവാബിലെ സിപ്പോരിന്റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്റെ പുത്രനായ ബിലെയാമിനെ അയാൾ വരുത്തി. ബിലെയാം പറഞ്ഞതു ഞാൻ ശ്രദ്ധിച്ചില്ല. അവൻ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാൻ നിങ്ങളെ ബാലാക്കിന്റെ കൈയിൽനിന്നു വിടുവിച്ചു. പിന്നീട് നിങ്ങൾ യോർദ്ദാൻനദി കടന്നു യെരീഹോവിലെത്തി. അപ്പോൾ യെരീഹോനിവാസികൾ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകൾ നിങ്ങളോടു യുദ്ധം ചെയ്തു. ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കി. ഞാൻ കടന്നലുകളെ നിങ്ങൾക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്. നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു നല്‌കി. നിങ്ങൾ അവിടെ ഇപ്പോൾ പാർക്കുന്നു. നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു. “അതുകൊണ്ട് നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ആത്മാർഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സർവേശ്വരനെ മാത്രം ആരാധിക്കുവിൻ. അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിൽ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ പാർക്കുന്ന ദേശത്തിലെ അമോര്യർ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിൻ. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും സർവേശ്വരനെത്തന്നെ സേവിക്കും.”

JOSUA 24 വായിക്കുക