JOSUA 24:14-31
JOSUA 24:14-31 MALCLBSI
“അതുകൊണ്ട് നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ആത്മാർഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സർവേശ്വരനെ മാത്രം ആരാധിക്കുവിൻ. അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിൽ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ പാർക്കുന്ന ദേശത്തിലെ അമോര്യർ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിൻ. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും സർവേശ്വരനെത്തന്നെ സേവിക്കും.” അപ്പോൾ ജനം പ്രതിവചിച്ചു: “ഞങ്ങൾ സർവേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല. ഞങ്ങൾ അടിമകളായി പാർത്തിരുന്ന ഈജിപ്തിൽനിന്നു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ ഞങ്ങൾ നേരിട്ടുകണ്ടതാണ്. ഞങ്ങൾ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു. ഈ ദേശത്തു പാർത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സർവേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.” എന്നാൽ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു സർവേശ്വരനെ സേവിക്കാൻ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല. അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സർവേശ്വരനെ ത്യജിച്ചുകളഞ്ഞാൽ മുമ്പു നിങ്ങൾക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.” ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങൾ സർവേശ്വരനെ മാത്രം സേവിക്കും.” യോശുവ അവരോടു പറഞ്ഞു: “സർവേശ്വരനെത്തന്നെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങൾതന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങൾ സാക്ഷികളാകുന്നു” എന്ന് അവർ പ്രതിവചിച്ചു. “അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു. ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരനെ ഞങ്ങൾ സേവിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യും.” അന്നു യോശുവ ഇസ്രായേൽജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമിൽ വച്ചുതന്നെ അവർക്കു നിയമങ്ങളും ചട്ടങ്ങളും നല്‌കി. ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്റെ ധർമശാസ്ത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിൻ കീഴെ നാട്ടുകയും ചെയ്തു. യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സർവേശ്വരൻ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങൾ അവിശ്വസ്തരായി വർത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.” പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു. നൂനിന്റെ പുത്രനും സർവേശ്വരന്റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോൾ മരിച്ചു. എഫ്രയീം മലനാട്ടിൽ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയിൽത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു. യോശുവയുടെ കാലത്തും, അതിനുശേഷം സർവേശ്വരൻ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികൾ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേൽ സർവേശ്വരനെ സേവിച്ചു.


