JOSUA 22:1-9

JOSUA 22:1-9 MALCLBSI

പിന്നീട് രൂബേൻ, ഗാദ്ഗോത്രക്കാരെയും മനശ്ശെയുടെ പകുതി ഗോത്രക്കാരെയും യോശുവ വിളിച്ചുകൂട്ടി പറഞ്ഞു: “സർവേശ്വരന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ അനുസരിച്ചു. ഞാൻ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം നിങ്ങൾ പാലിക്കുകയും ചെയ്തു. നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ അവരുടെകൂടെ നടന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇപ്പോൾ അവർക്ക് സ്വസ്ഥത നല്‌കിയിരിക്കുന്നു. അതുകൊണ്ട് അവിടുത്തെ ദാസനായ മോശ യോർദ്ദാനക്കരെ നിങ്ങൾക്ക് അവകാശമായി നല്‌കിയിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി പൊയ്‍ക്കൊള്ളുക. മോശ നിങ്ങൾക്കു നല്‌കിയ കല്പനകൾ പാലിക്കുന്നതിൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുക; അവിടുത്തെ ഇച്ഛാനുസരണം പ്രവർത്തിക്കുക; അവിടുത്തെ കല്പനകൾ അനുസരിക്കുക; അവിടുത്തോടു വിശ്വസ്തരായിരിക്കുക; പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി സർവേശ്വരനെ സേവിക്കുക.” ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ അവരുടെ വീടുകളിലേക്കു മടങ്ങി. മനശ്ശെയുടെ പകുതി ഗോത്രക്കാർക്കുള്ള അവകാശഭൂമി ബാശാനിൽ മോശ കൊടുത്തിരുന്നുവല്ലോ. എന്നാൽ മറ്റേ പകുതി ഗോത്രക്കാർക്കുള്ള അവകാശഭൂമി യോശുവ യോർദ്ദാനിക്കരെ അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയുടെ ഇടയിൽത്തന്നെയാണു കൊടുത്തത്. യോശുവ അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നാല്‌ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വസ്ത്രങ്ങൾ തുടങ്ങി വളരെയധികം സമ്പത്തോടു കൂടി നിങ്ങൾ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയാണല്ലോ. ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത സാധനങ്ങൾ നിങ്ങളുടെ സഹോദരന്മാർക്കു കൂടി പങ്കിട്ടു കൊടുക്കണം.” രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവിൽ വിട്ടിട്ടാണ് അവർ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ അവർ ആ ദേശം കൈവശപ്പെടുത്തിയിരുന്നു.

JOSUA 22 വായിക്കുക