JOSUA 2:8-21

JOSUA 2:8-21 MALCLBSI

ചാരന്മാർ ഉറങ്ങാൻ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കൽ കയറിച്ചെന്നു പറഞ്ഞു: “സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങൾ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു. നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ചെങ്കടൽ വറ്റിച്ചതും യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങൾ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾതന്നെ ഞങ്ങൾ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം. അതുകൊണ്ട് ഞാൻ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സർവേശ്വരന്റെ നാമത്തിൽ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം. കൂടാതെ എന്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവർക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.” അവർ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവൻ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങൾ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാൽ സർവേശ്വരൻ ഈ ദേശം ഞങ്ങൾക്കു നല്‌കുമ്പോൾ ഞങ്ങൾ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.” കോട്ടയോടു ചേർത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവൾ പാർത്തിരുന്നത്. അവൾ അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു. അവൾ അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാൻ അവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയിൽ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.” അവർ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങൾ പാലിക്കും. ഞങ്ങൾ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോൾ ഞങ്ങളെ ഇറക്കിവിട്ട ജനാലയിൽ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്റെ ഭവനത്തിൽ ഒരുമിച്ചു കൂട്ടണം. ആരെങ്കിലും ഭവനത്തിനു പുറത്തുപോയാൽ അവന്റെ മരണത്തിന് ഉത്തരവാദി അവൻതന്നെ ആയിരിക്കും. അതിനു ഞങ്ങൾ കുറ്റക്കാരായിരിക്കയില്ല; എന്നാൽ നിന്റെകൂടെ ഭവനത്തിനുള്ളിൽ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാൽ അതിനുത്തരവാദി ഞങ്ങളായിരിക്കും. ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാൽ നീ ചെയ്യിച്ച പ്രതിജ്ഞയിൽനിന്നു ഞങ്ങൾ വിമുക്തരായിരിക്കും.” “അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവൾ അവരെ യാത്ര അയച്ചു. അവർ പോയപ്പോൾ അവൾ ആ ചുവപ്പുചരട് ജനാലയിൽ കെട്ടിവച്ചു.

JOSUA 2 വായിക്കുക