ഇസ്രായേൽജനവുമായി യുദ്ധം ചെയ്യുന്നതിന് ഈ രാജാക്കന്മാർ അവരുടെ സൈന്യങ്ങളെയെല്ലാം മേരോംതടാകത്തിനരികെ അണിനിരത്തി. സർവേശ്വരൻ യോശുവയോടു പറഞ്ഞു: “അവരെക്കുറിച്ചു ഭയപ്പെടേണ്ടാ; നാളെ ഈ സമയം ആകുന്നതിനുമുമ്പ് ഇസ്രായേലിനുവേണ്ടി ഞാൻ അവരെയെല്ലാം സംഹരിക്കും. കുതിരകളുടെ കുതിഞരമ്പുകൾ വെട്ടി അവയെ മുടന്തുള്ളവയാക്കുകയും രഥങ്ങൾ ചുട്ടുകളയുകയും ചെയ്യണം.” അങ്ങനെ യോശുവയും സൈന്യവും മേരോംതടാകത്തിനരികെ വച്ച് അവരെ പെട്ടെന്ന് ആക്രമിച്ചു. സർവേശ്വരൻ അവരുടെമേൽ ഇസ്രായേലിനു വിജയം നല്‌കി. ഇസ്രായേൽ അവരെ തോല്പിച്ചു. വടക്ക് സീദോൻ, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങൾ വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും ഇസ്രായേൽ അവരെ പിന്തുടർന്നു. ഒരാൾ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു. സർവേശ്വരൻ കല്പിച്ചിരുന്നതുപോലെതന്നെ യോശുവ അവരോടു പ്രവർത്തിച്ചു. അവരുടെ കുതിരകളുടെ കുതിഞരമ്പുരകൾ വെട്ടി; രഥങ്ങൾ അഗ്നിക്കിരയാക്കി. പിന്നീട് യോശുവ തിരിച്ചുചെന്നു ഹാസോർ പിടിച്ചടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. അന്ന് ഉണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു. അവിടെയുണ്ടായിരുന്ന സകല മനുഷ്യരെയും അവർ സംഹരിച്ചു; ഒരാൾപോലും ജീവനോടെ ശേഷിച്ചില്ല. അവർ ഹാസോർ അഗ്നിക്കിരയാക്കി. സർവേശ്വരൻ തന്റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ആ രാജാക്കന്മാരെയും സകല പട്ടണങ്ങളെയും യോശുവ പിടിച്ചടക്കി. അവരിൽ ഒരാൾ പോലും ജീവനോടെ ശേഷിക്കാതെ വാളിനിരയായി. എന്നാൽ മലമുകളിൽ നിർമ്മിച്ചിരുന്ന പട്ടണങ്ങളിൽ ഹാസോർ ഒഴികെ മറ്റൊരു പട്ടണവും ഇസ്രായേൽജനം അഗ്നിക്കിരയാക്കിയില്ല. ഈ പട്ടണങ്ങളിൽനിന്നു കിട്ടിയ കൊള്ളമുതലും കന്നുകാലികളും ഇസ്രായേൽജനം സ്വന്തമാക്കി. എങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നൊഴിയാതെ വാളിനിരയാക്കി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതു മോശ യോശുവയെ അറിയിച്ചിരുന്നു; യോശുവ അതനുസരിച്ചു പ്രവർത്തിച്ചു. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതിൽ ഒന്നുപോലും യോശുവ നിറവേറ്റാതിരുന്നില്ല. മലനാടും നെഗെബു മുഴുവനും ഗോശെൻ ദേശവും താഴ്‌വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്റെ താഴ്‌വരയും സേയീർകയറ്റത്തിലുള്ള ഉയർന്ന ഹാലാക് കുന്നുകൾമുതൽ ഹെർമ്മോൻ പർവതത്തിന്റെ അടിവാരത്തിലുള്ള ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് വരെയും ഉള്ള പ്രദേശങ്ങൾ മുഴുവനും യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു. ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തു. ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ മറ്റാരും ഇസ്രായേലുമായി സഖ്യത്തിൽ ഏർപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അവർ യുദ്ധംചെയ്തു കീഴടക്കി. ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ തക്കവിധം സർവേശ്വരൻ അവരുടെ ഹൃദയം കഠിനമാക്കിയിരുന്നു. അതുകൊണ്ടു മോശയോട് സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ അവരോടു യാതൊരു കരുണയും കാണിക്കാതെ ഇസ്രായേൽജനം അവരെ നിശ്ശേഷം നശിപ്പിച്ചു. ആ കാലത്ത് ഹെബ്രോൻ, ദെബീർ, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂർണമായി നശിപ്പിക്കുകയും ചെയ്തു. ഗസ്സാ, ഗത്ത്, അസ്തോദ് എന്നീ ദേശങ്ങളിലല്ലാതെ ഇസ്രായേൽജനം കൈവശപ്പെടുത്തിയ ഒരു സ്ഥലത്തും ഒരു അനാക്യൻ പോലും ശേഷിച്ചില്ല. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ യോശുവ ആ ദേശമെല്ലാം പിടിച്ചടക്കി; അവ വിഭജിച്ച് ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി നല്‌കി. അങ്ങനെ യുദ്ധം അവസാനിച്ചു. ദേശത്ത് സമാധാനം ഉണ്ടായി.
JOSUA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 11:5-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ