JOSUA 10:28-39

JOSUA 10:28-39 MALCLBSI

അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു. പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായിൽനിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു. സർവേശ്വരൻ ലിബ്നയുടെയും അവിടത്തെ രാജാവിന്റെയുംമേൽ ഇസ്രായേലിനു വിജയം നല്‌കി. ഒരാൾപോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവർത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവർത്തിച്ചു. പിന്നീട് യോശുവയും ഇസ്രായേൽജനവും ലിബ്നയിൽനിന്നു ലാഖീശിലേക്കു പോയി; അവർ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു. സർവേശ്വരൻ ഇസ്രായേലിന് ലാഖീശിന്റെ മേലും വിജയം നല്‌കി. രണ്ടാം ദിവസം അവർ അതിനെ പിടിച്ചടക്കി. ലിബ്നയിൽ പ്രവർത്തിച്ചതുപോലെതന്നെ പട്ടണത്തിൽ ഒരാൾപോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി. ഗേസെർരാജാവായ ഹോരാം ലാഖീശിന്റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു. യോശുവയും ഇസ്രായേൽജനവും ലാഖീശിൽനിന്ന് എഗ്ലോനിൽ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു. അവർ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശിൽ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി. യോശുവയും ഇസ്രായേൽജനവും എഗ്ലോനിൽനിന്നു ഹെബ്രോനിൽ എത്തി അതിനെ ആക്രമിച്ചു. അവർ അതു പിടിച്ചടക്കി. അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവർത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു. പിന്നീട് യോശുവയും ഇസ്രായേൽജനവും തിരിച്ചു ദെബീരിന്റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു; അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവർത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവർത്തിച്ചു.

JOSUA 10 വായിക്കുക